ഒറ്റനോട്ടത്തില്‍...
കടലിനും കായലിനും മധ്യേ ഏതാണ്ട് 12-15 കിലോമീറ്റര്‍ മാത്രം വീതിയിലുള്ള മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശം കരപ്പുറം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കല്‍ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേക്ക് ചേര്‍ത്തു. ഇങ്ങനെ ചേര്‍ത്ത തലയാണത്രേ ചേര്‍ത്തല. ഒന്നാം ലോകമഹായുദ്ധത്തില്‍ ചേര്‍ത്തലയില്‍നിന്നും 112 പേര് പങ്കെടുത്തിരുന്നു.
2011ലെ ഇന്ത്യന്‍ സെന്‍സസ് പ്രകാരം, ചേര്‍ത്തലയില്‍ 45,821 പേര് താമസിക്കുന്നു, ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ 35 വാര്‍ഡുകളുണ്ട്. ഇതില്‍ ഭരണകക്ഷിയായ എല്‍ഡിഎഫിന്- 21, കോണ്‍ഗ്രസ്-10, ബിജെപി-മൂന്ന് സ്വതന്ത്രന്-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇപ്പോൾ അധികമായി ഒരു വാര്‍ഡ് കൂടി വന്നതോടെ നിലവില്‍ വാര്‍ഡിന്റെ എണ്ണം 36 ആയി.
ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും മൂന്നു സീറ്റുകളില്‍നിന്നും നില മെച്ചപ്പെടുത്താന്‍ ബിജെപിയും ശ്രമിക്കുന്നതോടെ ചേര്‍ത്തലയില്‍ ഇത്തവണ മത്സരം കടുക്കാനാണ് സാധ്യത.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പോലും കഴിയാവുന്ന രീതിയില്‍ വികസന മുന്നേറ്റങ്ങള്‍ നടത്തി വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കാനായതും ജനകീയ സഹകരണത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താനായതും ഉയര്‍ത്തിയാണ് ഭരണപക്ഷത്തിന്റെ നീക്കങ്ങള്‍. കഴിഞ്ഞതവണ കൈവിട്ട നഗരസഭ എങ്ങനെയും തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് കോണ്ഗ്രുംയുഡിഎഫും.
നേട്ടങ്ങൾ...
നഗരത്തിന്റെ കുടിവെള്ള പ്രശ്നത്തിനു സമ്പൂര്‍ണ പരിഹാരമായി, അമൃത് പദ്ധതിയില്‍ എല്ലാവീടുകളിലും കുടിവെള്ളമെത്തിച്ചു.
പാര്‍പ്പിട നിര്‍മാണത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി. നഗരസഭയില്‍ ഉണ്ടായിരുന്ന അതിദരിദ്രരായ 72 പേര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്കി അതിദരിദ്രര്‍ ഇല്ലാത്ത നഗരസഭയായി മാറി.
മാലിന്യസംസ്കരണത്തില്‍ സംസ്ഥാനത്തിനു തന്നെ മാതൃകയായി ജില്ലയിലെ ആദ്യ ശൗചാലയ മാലിന്യ സംസ്കരണപ്ലാന്റ് ആനതറവെളിയില്‍ സ്ഥാപിച്ചു. ഗാന്ധി ബസാറിനു സമീപം നിര്‍മിച്ച ടേക്ക്-എ-ബ്രേക്ക് സമുച്ചയം ഉള്‍പ്പെടെ ഏഴു പൊതുശൗചാലയങ്ങള്‍ മികച്ച രീതിയില്‍ പരിപാലിക്കുന്നു.4മാലിന്യനിര്‍മാര്‍ജനത്തിനും മാലിന്യമുക്ത നഗരവും ലക്ഷ്യമാക്കിയുള്ള ചേലൊത്ത ചേര്‍ത്തല പദ്ധതിയിലൂടെ ജനങ്ങളുടെ വിശ്വാസം നേടാനായി.
പ്രധാനകേന്ദ്രങ്ങളിലെല്ലാം ഹൈമാസ്റ്റ്-മിനിമാസ്റ്റ് ലൈറ്റുകളും സ്ട്രീറ്റ് മെയിനുകള്‍ സ്ഥാപിച്ചിട്ടുള്ള ഇടങ്ങളില്‍ എല്‍ഇഡി വിളക്കുകളും സ്ഥാപിച്ചു.
നഗരത്തിലെ കനാലുകളുടെ സംരക്ഷണത്തിനായി ജനകീയ സഹകരണത്തിലും അല്ലാതെയും വിപുലമായ പ്രവർത്തനങ്ങള്‍ നടപ്പിലാക്കി സേവ് എഎസ് കനാൽ പദ്ധതി നടപ്പിലാക്കി.
ഒരു ദശകകാലമായി അടഞ്ഞുകിടന്ന വനിതാ ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കി. 72 അംഗ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം വിപുലമാക്കി.
ആരോഗ്യമേഖലയില്‍ വലിയ നേട്ടമുണ്ടാക്കി, പുതിയ നാല് ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ച് ആശുപത്രികളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രയോജനകരമാക്കി. നഗരസഭാ ഫണ്ടില്‍നിന്നും ഡോക്ടര്‍മാരെ നിയോഗിച്ച് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്കി. അലോപ്പതി മരുന്നിനായി 1,57,31,986 രൂപയും ആയുര്‍വേദ ആശുപത്രിയിലേക്കായി 2,35,08,038 രൂപയും ഹോമിയോ ആശുപത്രിയിലേക്കായി 5,47,990 രൂപയും വിനിയോഗിച്ചു.
കോട്ടങ്ങൾ...
നഗരത്തില്‍ ഒരുവികസനവും എത്തിക്കാനാകാത്ത ഭരണം തികഞ്ഞ പരാജയമായിരുന്നു. നഗരവാസികള്‍ക്കു പ്രയോജനകരമാകുന്ന ഒന്നും നടപ്പാക്കാനായില്ല.
ആധുനിക അറവുശാലയടക്കം ബജറ്റില്‍ വകയിരുത്തുന്നതല്ലാതെ നടപ്പാക്കാന്‍ പ്രാഥമിക നടപടികള്‍പോലും സ്വീകരിക്കാനായില്ല.
തെരുവുനായ നിയന്ത്രണത്തിനും വന്ധ്യംകരണ പദ്ധതിയും ഷെല്‍ട്ടര്‍ നിര്‍മാണവും നടപ്പായില്ല. തെരുവുനായകളുടെ അക്രമണത്തില്‍ നഗരസഭയില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.
നഗരത്തിനു പ്രയോജനകരമാകുമായിരുന്ന ആധുനിക വാഹന പാര്‍ക്കിംഗ് സംവിധാനം നടപ്പാക്കാന്‍ ഒരു പ്രവര്‍ത്തനവും നടത്തിയില്ല. ഗതാഗതകുരുക്കിനും പരിഹാരം കാണാനായില്ല.
റെയില്‍വേ സ്റ്റേഷനുസമീപം ദേശീയ പാതയോരത്തു ബസ് ടെര്‍മിനല്‍ പദ്ധതി എങ്ങും എത്തിയില്ല. ഏറ്റെടുത്ത സ്ഥലം സംരക്ഷിക്കാന്‍ പോലുമായില്ല.
സാധാരണക്കാർക്ക് ആവശ്യംവേണ്ട സമയങ്ങളില്‍ പോലും സേവനം നല്‍കാനാകാത്ത തരത്തില്‍ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പ്രവത്തനം താളംതെറ്റി.